Kerala
ന്യൂഡൽഹി: മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ തുടങ്ങിയവർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം.
തിരുവനന്തപുരം വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും നേരത്തെ മാത്യുവിന്റെ ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കരിമണൽ കന്പനിയായ സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കന്പനി കോടികൾ കൈപ്പറ്റിയെന്നാണു ഹർജിയിലെ ആരോപണം. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സുപ്രീം കോടതിയിൽ. സിഎംആർഎൽ - എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ സുപ്രീം കോടതിയെ സമീപിച്ചത്.
വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കുഴൽനാടൻ അപ്പീല്‍ നൽകിയിരിക്കുന്നത്. കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതിയിൽ മാത്യു കുഴൽനാടൻ നൽകിയ ഹര്‍ജിയിലെ ആവശ്യം.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.
National
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം അറസ്റ്റിലായ ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ ഗീതാഞ്ജലി ജെ. ആംഗ്മോ.
ജോധ്പുരിലെ ജയിലിൽ നിന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വാംഗ്ചുക്കിനെതിരെ എൻഎസ്എ ചുമത്താനുള്ള തീരുമാനത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു.
വാംഗ്ചുക്കിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് ഇപ്പോഴും ഒരു വിവരവുമില്ലെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ ഗീതാഞ്ജലി പറഞ്ഞു.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകനുമായി വാംഗ്ചുക്കിന് ബന്ധമുണ്ടെന്ന ആരോപണങ്ങളും ഗീതാഞ്ജലി നിഷേധിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാര പ്രശ്നത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് പൂർണനിരോധനം ഏർപ്പെടുത്തുന്നതിനു പകരം ബദൽമാർഗങ്ങൾ നിർദേശിക്കാൻ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് ആവശ്യപ്പെട്ടു സുപ്രീംകോടതി.
നിർമാണപ്രവർത്തനങ്ങൾക്കു നിരോധനം ഏർപ്പെടുത്തുന്നത് ദിവസവേതന തൊഴിലാളികളുടെ ഉപജീവനമാർഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും മറ്റു പ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്നും ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ശൈത്യകാലം ആരംഭിക്കുന്പോൾ രാജ്യതലസ്ഥാനത്ത് പതിവായ വായുമലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിന് ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാൻ (ഗ്രാപ്പ്) നടപ്പാക്കുകയാണു പതിവ്. ഇതുപ്രകാരം ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾ അടക്കമുള്ളവയ്ക്ക് നിശ്ചിതകാലത്തേക്കു നിരോധനം ഏർപ്പെടുത്തും.
ഈ നടപടികൾ നിമിത്തം ബുദ്ധിമുട്ടുന്ന നിർമാണതൊഴിലാളികൾക്കു നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞവർഷം സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ബദൽ മാർഗങ്ങൾ സ്വീകരിക്കാനാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.
അതേസമയം വായുമലിനീകരണ തോത് ഉയർത്തുന്നതിനു കാരണമാകുന്ന വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരേ നടപടി സ്വീകരിക്കുന്നതിനുള്ള ആവശ്യകത കോടതി പറഞ്ഞു. ഇത്തരത്തിൽ വൈക്കോൽ കത്തിക്കുന്നവർക്കെതിരേ ശിക്ഷാനടപടികളെടുക്കുന്നത് ഫലപ്രദമായ പ്രതിരോധമാർഗമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Kerala
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം നടക്കും. ഇന്ന് ഉച്ചയ്ക്ക് വാദം പൂർത്തിയാക്കി റിപ്പോർട്ടിനായി മാറ്റും.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ പക്കൽ വർഷങ്ങളായി കെട്ടിക്കിടക്കുന്പോൾ സംസ്ഥാനങ്ങൾ തെറ്റായി മുറവിളി കൂട്ടുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന് എങ്ങനെ പറയാൻ പറ്റുമെന്ന് സുപ്രീംകോടതി ബുധനാഴ്ച വിമർശിച്ചിരുന്നു.
രാഷ്ട്രപതി പരാമർശവുമായി ബന്ധപ്പെട്ട വാദത്തിനിടെ കഴിഞ്ഞ 55 വർഷത്തിനുള്ളിൽ 17,000 ബില്ലുകൾക്ക് അനുമതി നൽകിയപ്പോൾ വെറും 20 ബില്ലുകൾ തടഞ്ഞുവച്ചതിന് സംസ്ഥാനങ്ങൾ തെറ്റായ മുറവിളി കൂട്ടുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ബിൽ തയാറാക്കുന്പോൾത്തന്നെ ഗവർണർക്ക് അതിൽ വിയോജിപ്പ് അറിയിക്കാൻ സാഹചര്യമുണ്ട്. എന്നാൽ പാസാക്കിയ ശേഷം ബിൽ ഗവർണറുടെ അടുത്തേക്ക് വരുന്പോൾ അദ്ദേഹം സമ്മതിക്കില്ലെന്ന് പറയുകയാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.
ഭരണഘടനപ്രകാരം ബിൽ തടഞ്ഞുവയ്ക്കാൻ സാധിക്കില്ല. അത് അംഗീകരിക്കുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയോ ചെയ്യണം. എന്നാൽ പുനഃപരിശോധനയ് ക്കു ശേഷം ബിൽ വീണ്ടും സമർപ്പിക്കുന്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഭരണഘടന നിശബ്ദമാണെന്നും ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെയും കേന്ദ്രത്തിന്റെയും പ്രതിനിധി, ഭരണഘടനയുടെ സംരക്ഷകൻ എന്നി നിലകളിലാണ് ഗവർണറുടെ പങ്കെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇൻ-സർവീസ് അധ്യാപകർക്കു വിധി ബാധകമാക്കിയ സാഹചര്യത്തിൽ, ഇത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് വിവിധ ഹൈക്കോടതികളിൽ നിന്നുള്ള 28 അപ്പീലുകൾ പരിഗണിച്ച് സെപ്റ്റംബർ 14ന് വിധി പ്രഖ്യാപിച്ചത്. അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിർബന്ധമാണോ എന്നതായിരുന്നു കോടതി പ്രധാനമായും പരിഗണിച്ചത്.
വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ ആക്ട്) അനുസരിച്ച് ടെറ്റ് യോഗ്യത നിർബന്ധമാണ്. ഈ യോഗ്യതയില്ലാത്ത ഇൻ-സർവീസ് അധ്യാപകർക്ക് സർവീസിൽ തുടരാനുള്ള അവകാശം നഷ്ടപ്പെടും. ആർടിഇ നിയമം നിലവിൽ വരുന്നതിന് മുമ്പ് നിയമിതരായ അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നിർബന്ധമാണ്.
കോടതിവിധി വരുന്ന തീയതിയിൽ (സെപ്റ്റംബർ 1, 2025) അഞ്ച് വർഷത്തിൽ താഴെ മാത്രം സർവീസ് ബാക്കിയുള്ള സീനിയർ അധ്യാപകർക്ക് വിരമിക്കൽ വരെ സർവീസിൽ തുടരാം. എന്നാൽ, ഇവർക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നിർബന്ധമാണ്. അഞ്ച് വർഷത്തിൽ കൂടുതൽ സർവീസുള്ള അധ്യാപകർ ഈ ഉത്തരവ് മുതൽ രണ്ട് വർഷത്തിനകം ടെറ്റ് യോഗ്യത നേടിയില്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് വിധേയരാകേണ്ടി വരും ഇവയാണ് വിധിയിലെ പ്രധാന ഉള്ളടക്കം.
വിധിയുടെ പശ്ചാത്തലത്തിൽ പ്രമോഷനുകളും പുതിയ നിയമനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ സങ്കീർണമാകും. സാധാരണയായി ഒരു തൊഴിൽ മേഖലയിലെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമ്പോൾ നിലവിലുള്ളവരെ സംരക്ഷിക്കാറുണ്ട്. എന്നാൽ കേന്ദ്രസർക്കാരുകൾ ഇതിന് തയാറായില്ല.
വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ കേന്ദ്ര നിയമങ്ങൾക്കാണ് മുൻഗണന. ഈ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഭാഷാധ്യാപകരുടെയും പ്രൈമറി അധ്യാപകരുടെയും യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചപ്പോഴെല്ലാം നിലവിൽ ജോലി ചെയ്യുന്നവരെ സംരക്ഷിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ വിധിയിൽ വ്യക്തത വരുത്തുന്നതിനോ പുനഃപരിശോധിക്കുന്നതിനോ ആവശ്യമായ ഹർജിയുമായി സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവ്. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം.
ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്നാൽ ആധാർ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു.
ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ആധാർ ഔദ്യോഗിക രേഖകളിൽ ഒന്നാണെന്ന് കോടതി വ്യക്തമാക്കി. ഈ രാജ്യത്തെ യഥാർഥ പൗരന്മാർക്ക് വോട്ട് ചെയ്യാൻ അവകാശം ഉണ്ട്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടവകാശം ഇല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ബിഎൽഒമാർക്ക് പൗരത്വം തീരുമാനിക്കാൻ കഴിയില്ല എന്ന് കപിൽ സിബൽ വാദിച്ചു. ആധാർ രേഖയായി കണക്കിലെടുക്കണമെന്ന് കോടതി ഉത്തരവ് ബിഎൽഒമാർ പാലിക്കുന്നില്ല. ആധാർ അംഗീകരിക്കാനുള്ള നിർദ്ദേശം ബിഎൽഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടില്ല എന്ന് സിബൽ സുപ്രിംകോടതിയിൽ വാദിച്ചു. ഹർജികൾ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
National
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് നേരിട്ട് മുന്‍കൂര്‍ ജാമ്യം നല്കുന്നതില് കേരള ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്കുന്നതിലാണ് വിമര്‍ശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമർശനം. കേസില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
അമിക്കസ്ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് ലൂതറയെ കോടതി നിയമിച്ചു. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബിഎന്‍എസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയില്‍ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസുകളിലെ വസ്തുതകള്‍ അറിയാവുന്നത് സെഷന്‍സ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികള്‍ക്ക് കേസുകളുടെ പൂര്‍ണമായ വസ്തുത അറിയണമെന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ വിചാരണക്കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന ജാമ്യാപേക്ഷകള്‍ ഹൈക്കോടതി പരിഗണിക്കുന്നതില്‍ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഒക്ടോബര്‍ 14ന് വിശദ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.
National
ന്യൂഡല്‍ഹി: മോശം റോഡിന് ടോള്‍ നല്‍കുന്നത് എന്തിനെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ദേശീയപാതയിൽ 12 മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങൾ 150 രൂപ ടോളായി നൽകുന്നതെന്നാണ് സുപ്രീംകോടതി ചോദിച്ചത്.
പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റീസ് എൻ.വി. അൻജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപ്പീലില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി.
കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുന്നോയെന്ന് ജസ്റ്റീസ് വിനോദ് ചന്ദ്രന് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. റോഡിന്റെ അവസ്ഥ എത്ര പരിതാപകരമാണ്, അതാണ് പ്രധാന പ്രശ്നമെന്നും ജസ്റ്റീസ് വിനോദ് ചന്ദ്രന് പറഞ്ഞു.
ദേശീയപാതയിലെ മുരിങ്ങൂരിൽ ലോറി മറിഞ്ഞാണ് ഗതാഗത തടസം ഉണ്ടായതെന്നു ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്ത മറുപടി നൽകി. ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതാണെന്നും ജസ്റ്റീസ് വിനോദ് ചന്ദ്രൻ പറഞ്ഞു.
Kerala
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഉടൻ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തിനായി ഗവർണർക്ക് വിജ്ഞാപനം ഇറക്കാം. വിസി നിയമനത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
തർക്കങ്ങളിൽ അനുഭവിക്കുന്നത് വിദ്യാർഥികളാണ്. വിസിമാരില്ലാതെ എങ്ങനെ സർവകലാശാല മുന്നോട്ടു പോകും. വിദ്യാഭ്യാസ വിഷയങ്ങൾ കോടതിയിലെത്തുന്നത് വേദനാജനകമാണ്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള തർക്കത്തിൽ സർവകലാശാലകളുടെ പ്രവർത്തനം സതംഭനാവസ്ഥയിലാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താത്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.
താത്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസലർ സർക്കാരുമായി കൂടിയാലോചിക്കണമെന്നും കോടതി പറഞ്ഞു.
മുമ്പ് താത്കാലിക വൈസ് ചാൻസലർമാരായിരുന്ന സിസ തോമസിനെയും ശിവപ്രസാദിനെയും വീണ്ടും താത്കാലിക വൈസ് ചാൻസലറായി നിയമിച്ച് ചാൻസലർക്ക് ഉത്തരവിറക്കാമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണ, അഭിഭാഷകൻ ടി.ആർ. വെങ്കിട്ട സുബ്രഹ്മണ്യം എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.
National
ന്യൂഡല്‍ഹി: മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ 12 പ്രതികളെ വിട്ടയച്ച വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി നോട്ടീസയച്ചു.
ജസ്റ്റീസുമാരായ എം.എം.സുന്ദരേശ്, എന്‍.കെ.സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതി വിധിക്ക് പിന്നാലെ വിട്ടയച്ച പ്രതികളെ തത്ക്കാലം തിരികെ ജയിലിലാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
മുംബൈയിൽ 2006ലുണ്ടായ ട്രെയിൻ സ്ഫോടന പരന്പരക്കേസിലെ 12 പ്രതികളെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്തു മഹാരാഷ്ട്ര സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആറു മലയാളികൾ ഉൾപ്പെടെ 189 പേർ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും തെളിവുകൾ വിശ്വസനീയമല്ലെന്നും വിലയിരുത്തിയാണ് ബോംബെ ഹൈക്കോടതി പ്രതികളെ കഴിഞ്ഞദിവസം കുറ്റവിമുക്തരാക്കിയത്.
അഞ്ചുപേർക്ക് വധശിക്ഷയും ഏഴുപേർക്ക് ജീവപര്യന്തവും വിധിച്ച പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയുള്ള ബോംബെ ഹൈക്കോടതി നടപടി കേസന്വേഷണം നടത്തിയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിനും (എടിഎസ്) സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടിയായിരുന്നു.
National
മുംബൈ: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും വെറുതെ വിട്ട് ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ. ഹർജി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
തിങ്കളാഴ്ചയാണ് കേസിലെ 12 പ്രതികളെ വെറുതെ വിട്ടുകൊണ്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. 2015ൽ വിചാരണക്കോടതി 12 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും ശിക്ഷയായി വിധിച്ചിരുന്നു. 189 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷമാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും ഇതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.
National
ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീംകോടതി നിർദേശം. ഹർജിക്കാർക്ക് യെമനിൽ പോകണമെങ്കിൽ കേന്ദ്രസർക്കാരിന് അപേക്ഷ നൽകാമെന്നും കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജൂലൈ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവെച്ച വിവരം ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു. യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഒരു ഇന്ത്യക്കാരനും യെമന്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും അഭിഭാഷകന് പറഞ്ഞു.
വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ഹർജിക്കാരോട് കോടതി നിർദേശിച്ചു. ഹര്‍ജി ഓഗസ്റ്റ് 14ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരള എൻജിനിയറിംഗ് പ്രവേശനം (കീം) പ്രവേശനം തടയാതെ സുപ്രീം കോടതി. പരീക്ഷയിലെ മാർക്ക് സമീകരണം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നടപടികളിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ വർഷത്തെ പ്രവേശന പട്ടികയിൽ മാറ്റമില്ല. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ നാലാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സ്റ്റേറ്റ് സിലബസ് വിദ്യാർഥികള്‍ നൽകിയ ഹർജിയിലാണ് ഉത്തരവ്.
റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14-നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ അപ്പീല്‍ നല്കിയാല് പ്രവേശന നടപടികള്‍ വൈകിയേക്കും. അതുകൊണ്ടാണ് അപ്പീലിന് പോകാത്തതെന്ന് മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കല്‍ അത്യാവശ്യമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേരള സിലബസിലെ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തിന് നോട്ടീസ് അയച്ചു.
National
ന്യൂഡല്‍ഹി: വിവാഹമോചനക്കേസില്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഇത് തെളിവായി സ്വീകരിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് കോടതി റദ്ദാക്കി.
മൗലികാവകകാശ ലംഘനത്തിന്റെ പേരില്‍ തെളിവ് മാറ്റി നിര്‍ത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നടന്ന വിവാഹമോചനക്കേസിന്റെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഭാര്യ അറിയാതെ റെക്കോര്‍ഡ് ചെയ്ത സംഭാഷണം തെളിവായി സമര്‍പ്പിച്ചെങ്കിലും ഇത് തെളിവായി കണക്കാക്കാനാവില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റീസ് ബി.വി.നാഗരത്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവാഹമോചനക്കേസുകളില്‍ പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ റെക്കോര്‍ഡ് ചെയ്യുന്ന ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമാകുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിരണ്‍കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയിയെ സമീപിച്ചത്.
തനിക്കെതിരായ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം. വിസ്മയയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല. തന്റെ ഇടപെടല്‍ കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാനായില്ല. താന്‍ മാധ്യമവിചാരണയുടെ ഇരയാണെന്നും കിരണ്‍കുമാറിന്റെ ഹര്‍ജിയിലുണ്ട്.
കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പരോളിലാണ്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്.
Editorial
സുപ്രീംകോടതി ചീഫ് ജസ്റ്റീസിൻ്റെ ഒരു നിരീക്ഷണവും കേരള ഹൈക്കോടതിയുടെ ഒരു നിർദേശവും ഇന്ത്യൻ ജനാധിപത്യത്തിന്റെ്റെ വ്യതിചലനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. ജഡ്ജിമാർ രാജിവച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിരമിച്ചാലുടൻ സർക്കാർ പദവികൾ സ്വീകരിക്കുന്നതും നീതിന്യായ കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി. ആർ. ഗവായ് പറഞ്ഞത്. കേരളതീരത്ത് ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയതിൻ്റെ പ്രത്യാഘാതങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നുമാണ് ഹൈക്കോടതി ബെഞ്ചിൻ്റെ നിർദേശം.
ജനങ്ങളുടേതായിരിക്കേണ്ട ജനാധിപത്യാവകാശങ്ങൾ ഭരണകുടങ്ങൾ അൽപ്പാൽപ്പമായി കൈവശപ്പെടുന്നതിനെ ഹൈക്കോടതി ചൂണ്ടിക്കാണിക്കുമ്പോൾ, പ്രലോഭനങ്ങളിലുടെ വശീകരിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് ജുഡീഷറി വഴങ്ങുന്നെന്ന ചിന്തപോലും ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിക്കുന്നതായി നിരീക്ഷിക്കാം. ഭരണകർത്താക്കളും ന്യായാധിപരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്യാം.
സുപ്രീംകോടതി ജഡ്ജി ബി. ആർ. ഗവായിയുടെ അഭിപ്രായം ഉയർന്നത്, ലണ്ടനിൽ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജഡ്ജിമാർ പങ്കെടുത്ത യുകെ സുപ്രീംകോടതി ചർച്ചയിലാണ്. ജുഡീഷൽ സ്വാതന്ത്ര്യം, ഭരണഘടനാപരമാ യ മേധാവിത്വം, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, സോഷ്യൽ മീഡിയയുടെയും വർധിച്ചുവരുന്ന പൊതുജന നിരീക്ഷണത്തിൻ്റെയും യുഗത്തിൽ ജുഡീഷറിയുടെ വികസിതമാകുന്ന പങ്ക് തുടങ്ങിയ സങ്കീർണ വിഷയങ്ങളായിരുന്നു ചർച്ചയ്ക്കെടുത്തത്. എല്ലാം ഗൗരവമുള്ള വിഷയങ്ങളായിരുന്നെങ്കിലും, ജഡ്ജിമാരുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അഭിപ്രായം ഇന്ത്യൻ പശ്ചാത്തലത്തിൽ കുടുതൽ ശ്രദ്ധ നേടി.
വിരമിച്ചയുടനെ ജഡ്ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജുഡീഷറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അത്തരം രീതികൾ ഗൗരവമായ ധാർമികചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. "വിരമിച്ചശേഷമുള്ള പദവികൾക്കുവേണ്ടി ന്യായാധിപരായിരുന്ന കാലത്ത് ജഡ്ജിമാർ തീരുമാനമെടുത്തിട്ടുണ്ടാകാമെന്ന പൊതുബോധം രൂപപ്പെടാൻ ഇതു വഴിതെളിക്കും. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വിരമിച്ചശേഷം സർക്കാർ പദവികളൊന്നും വേണ്ടെന്ന്താനും സഹപ്രവർത്തകരിൽ ചിലരും തീരുമാനിച്ചത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം വിമർശനത്തിന് അതീതമല്ല. എന്നാൽ, ജുഡീഷറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടാകരുത് മറ്റൊരു സംവിധാനം കൊണ്ടുവരുന്നത്. ബാഹ്യ ഇടപെടലുകളിൽനിന്ന് ജഡ്ജിമാർ സ്വതന്ത്രരായിരിക്കണം."-ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്തും ജഡ്ജിമാർ അധികാരസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴത് വർധിച്ച രീതിയിലാകുകയും സ്ഥാനമാനങ്ങൾ ഏറ്റെടുത്തവരുടെ മുൻകാലവിധികൾ വിമർശിക്കപ്പെടുകയും ചെയ്തതോടെയാണ് ചിലതെങ്കിലും വിവാദമായത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരായിരുന്ന പി. സദാശിവം, രഞ്ജൻ ഗൊഗോയ്, ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് അരുൺ മിശ്ര, സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന എസ്. അബ്ദുൽ നസീർ തുടങ്ങിയവർ വിരമിച്ചശേഷം സർക്കാരിൽ വിവിധ പദവികൾ സ്വീകരിച്ചിരുന്നു. മലയാളിയായ മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാനായി.
കോൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരിക്കെ രാജിവച്ച അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു ജയിച്ചു. രംഗനാഥ് മിശ്ര, ബഹാറുൾ ഇസ്ലാം എന്നിവർ മുമ്പ് കോൺഗ്രസിന്റെ അംഗങ്ങളായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഭരണകർത്താക്കളും ന്യായാധിപരും ഒരുപോലെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെങ്കിലും കൊടുക്കൽ വാങ്ങലുകൾ എന്ന് ആക്ഷേപിക്കപ്പെടാനിടയുള്ള ഇത്തരം ക്രിയകളിൽ ഏർപ്പെടുന്നവർ പിൻവാങ്ങുമോയെന്ന് അറിയില്ല. പക്ഷേ, നിഷ്പക്ഷമതികളും എന്തു ചെയ്യണമെന്നു സന്ദേഹമുള്ളവരും തിരുത്താൻ തയാറുള്ളവരുമൊക്കെ ഇത്തരം വിമർശനങ്ങളെ തങ്ങളുടെ തീരു മാനങ്ങൾക്കുള്ള മൂല്യാധിഷ്ഠിത മാനദണ്ഡങ്ങളായി സ്വീകരിക്കും.
കൊച്ചി തീരത്തു മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന ഹൈക്കോടതി നിർദേശവും ജനാധിപത്യ സന്ദേശമാണ്. കണ്ടെയ്നറിലുള്ള സാധനങ്ങൾ കടലിൽ കലർന്നാൽ കടലിലും തീരത്തുമുണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് നിധിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവരാവകാശ നിയമം ഇല്ലായിരുന്നെങ്കിൽ ഭരണകൂട-ഉദ്യോഗസ്ഥ ചെയ്തികളുടെ, അവർതന്നെ തിരുത്തിയ ഭാഷ്യങ്ങളേ ജനങ്ങൾക്കു വായിക്കാനാകുമായിരുന്നുള്ളു. വ്യക്തിപരമോ വ്യക്തിഹത്യാപരമോ അല്ലാത്ത വിവരങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്. അതിൻ്റെ ആവശ്യമില്ലെന്നു ഭരണകൂടം പറയുന്നുണ്ടെങ്കിൽ പലതും മറച്ചുവയ്ക്കുന്നുണ്ട് എന്നേ അർഥമുള്ളു. അതു ജനങ്ങളുടെയല്ല ഭരിക്കുന്നവരുടെ ആധിപത്യമാണ്. ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യവും ഈ പശ്ചാ ത്തലത്തിൽ പ്രാധാന്യമുള്ളതാണ്. വിദേശരാജ്യങ്ങൾക്കു മുമ്പ്, സ്വന്തം പാർലമെൻ്റിൽ ആദ്യം വിശദീകരിച്ചിരുന്നെങ്കിൽ അതു നൽകുന്ന സന്ദേശം നമ്മുടെ ജനാധിപത്യത്തിൻ്റെ സുതാര്യതയെ കൂടുതൽ വെളിപ്പെടുത്തുമായിരുന്നു.
ജനാധിപത്യം കാലാനുസൃതമായി പുതുക്കുന്നില്ലെങ്കിൽ അത് പുതിയ കാലത്തിൻ്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരിക്കില്ല. മറച്ചുവയ്ക്കുന്നിടത്ത് സുതാര്യതയില്ല. ടിക്കറ്റിൻ്റെ ബാക്കി പണം തന്നിരുന്നെങ്കിൽ തനിക്ക് മറ്റെന്തെങ്കിലും ആലോചിച്ചിരിക്കാമായിരുന്നെന്നു യാത്രക്കാരൻ ബസ് കണ്ടക്ടറോട് പറയുന്ന ഒരു സമൂഹമാധ്യമ കുറിപ്പുണ്ട്. അതുപോലെ, കപ്പലിൽ എന്തുണ്ടെന്നതും അതിൻ്റെ പ്രത്യാഘാതങ്ങളും ജനങ്ങളോടു പറഞ്ഞാൽ പിന്നെ കുഴപ്പമില്ലെന്നു പറഞ്ഞ് കുഴയേണ്ട ആവശ്യം സർക്കാരിനും കുഴപ്പമാകുമോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം ജനങ്ങൾക്കും ഇല്ലാതാകും.
നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട ന്യായാധിപർ പാർട്ടി പ്രവർത്തകരോ ഔദാര്യം സ്വീകരിക്കുന്നവരോ അല്ലെന്നു ബോധ്യപ്പെട്ടാൽ, ഭരണകുടം ദുഷിച്ചോയെന്ന സംശയമുണ്ടാകുമ്പോഴൊക്കെ അവസാന ആശ്രയമെന്ന നിലയിൽ കോടതികളിലേക്കു നോക്കുന്ന ജനത്തിന് ആശ്വാസമാകും. ഭരണകുടത്തിലെ പങ്കല്ല, ജനാധിപത്യത്തിലെ പങ്കാണ് കോടതികൾ ഉറപ്പാക്കേണ്ടത്. ഭരിക്കുന്നവരോ, നീതിന്യായ വ്യവസ്ഥയെ വിലയ്ക്കെടുക്കാൻ ശ്രമിച്ച് സ്വയം ഇരുട്ടത്തേക്കു മാറിനിൽക്കുകയുമരുത്.